Wednesday, February 27, 2013

പ്രാര്‍ത്ഥനയെന്നാല്‍ ചൊല്ലലല്ല 
പ്രാര്‍ത്ഥനയെന്നാലനുഷ്ഠാനമല്ല  
പ്രാര്‍ത്ഥനയെന്നാല്‍ ഹൃദയപ്പകര്‍ച്ചയത്രേ,
പ്രാര്‍ത്ഥന ദൈവത്തെ ശ്രവിക്കലത്രേ.

Prayer is not a  recital
Prayer is not a ritual ;
Prayer is the heart expressing 
Prayer is to God listening. 

S.Ezhumala

Tuesday, February 19, 2013


സത്യത്തിനു വേണ്ട യുക്തിവാദങ്ങളൊന്നുമേ 
സത്യത്തിനു വേണ്ട ശബ്ദകോലാഹലങ്ങളും.
സത്യത്തിനു വേണ്ടാ  പിന്‍ബലമൊന്നുമേ 
സത്യം സ്വയം നില്‍ക്കുന്നതിശാന്തമായി!
യുക്തിവാദങ്ങളും ശബ്ദകോലാഹലങ്ങളും 
യുക്തിയില്ലാത്തതാമസത്യലക്ഷണംതാന്‍!

-എസ് .എഴുമല 

Sunday, February 17, 2013

കരയില്‍ മീന്‍ പിടയ്ക്കുന്ന കണ്ടോ?
കരയില്‍ കിടന്നാലതു ചത്തുപോകും.
ദൈവസാന്നിധ്യം വിട്ടകലും മനുഷ്യനും  
ലൗകിക കരയിലായാലതുതാന്‍ വിധി!
ഉള്ളു പിടയുന്നതറിയുന്നില്ലയോ നീ 
അപ്പിടച്ചില്‍ നിന്‍ മരണത്തിലേക്കോ?
ഉണരട്ടെയുടന്‍ നിന്നന്തരംഗം 
ദൈവസാന്നിധ്യമണയട്ടെ വേഗം!
-എസ് .എഴുമല 

Thursday, February 14, 2013

 
 അറിവേറെയുണ്ടെന്നഹങ്കരിക്കും മനുഷ്യാ,
അറിവെവിടെ?  നീയുറങ്ങിടുമ്പോള്‍?
അപാരസമ്പത്തിന്നുടമയാണെങ്കിലും 
അവയെവിടെ ? നീ മയങ്ങിടുമ്പോള്‍?
എവിടെ നിന്‍ ചിന്തയും മോഹസ്വപ്നങ്ങളും? 
എവിടെ നീയും? ബോധം മറയുമ്പോള്‍ ?
ഈലോകസത്യമെന്തെന്നറിഞ്ഞു നീ 
അനന്തമാം സത്യത്തില്‍ നിമഗ്നനാക!
-എസ് . എഴുമല 

Tuesday, February 12, 2013

സൂര്യനെ നോക്കി പഠിക്കട്ടെ പ്രചാരകര്‍ 
സൂര്യനില്ല പ്രചരണായുധങ്ങളൊന്നുമേ.
സൂര്യന്‍ തെളിയുന്നു കിരണങ്ങളയക്കുന്നു 
സൂര്യനാലെല്ലാം പ്രകാശിതമാകുന്നു.
സ്വയം പ്രകാശിക്കും സൂര്യനെപ്പോലെ 
സ്വയം പ്രകാശിക്കാന്‍ പഠിക്കണം നമ്മള്‍! 
സ്വയം പ്രകാശിക്കാനെന്തു ഞാന്‍ ചെയ്യണം?
സത്യപ്രകാശമാം ക്രിസ്തുവിലാകണം !

-എസ് .എഴുമല 

Monday, February 11, 2013


 എവിടെ , എങ്ങനെ?
എവിടെയാണു ഭൂമിയെന്നു ചോദിച്ചതിന്ന് 
എവിടെയാണു നീ അതുതാന്‍ ഭൂമിയെന്ന 
എത്രയും സിംപിളാമുത്തരം കേട്ടപ്പോള്‍ 
എത്ര വിസ്മയിച്ചെന്നോ ഞാനമ്മക്കു മുന്നില്‍!
എവിടെയാണു ദൈവമെന്ന ചോദ്യത്തിന് 
എവിടെയുമവിടുന്നുണ്ടെന്നു മറുപടി!
എങ്ങനെ ഞാനറിയുമവിടുത്തെ യെങ്കില്‍ ?
എന്നോടമ്മ മൊഴിഞ്ഞതു കേള്‍ക്കണോ?
'എന്‍റെ മകനേ,വായിക്കണം സുവിശേഷം 
എത്രയും ശുഷ്ക്കാന്തിയോടെ ധ്യാനിച്ചിടേണം;
എങ്കിലവന്‍ വരും നിന്‍ മന:കണ്ണില്‍ 
എത്രയും ശോഭന സ്നേഹപ്രകാശമായ്!'
-എസ്..എഴുമല  

Sunday, February 10, 2013

ഉള്ളതേ കൊടുക്കാനാവൂ 
സ്നേഹമാവശ്യം സ്നേഹം കൊടുക്കുവാന്‍ 
വെളിച്ചമാവശ്യം വെളിച്ചം പകരുവാന്‍ .
വെറുക്കുവാന്‍ കാരണം വെറുപ്പുതന്നെ 
തന്നിലുള്ളതേ കൊടുക്കുവാനായിടൂ.
ക്ഷമയില്ലാത്തവന്‍ ക്ഷമിക്കുന്നതെങ്ങനെ 
തന്നിലില്ലാത്തതു കൊടുക്കുവാനാകുമോ?
സ്നേഹമാണേശുയെന്നതു കാരണം 
സ്നേഹിക്കുന്നവന്‍ സകല ജനത്തെയും.
വെളിച്ചമാണവനെന്നതു കാരണം 
വെളിച്ചമേകുന്നവന്‍ സകല മനസ്സിനും..
വെറുക്കുവാനവനാകില്ലൊരിക്കലും 
ഇരുട്ടിന്നാകുമോ വെളിച്ചത്തില്‍ വസിച്ചിടാന്‍?

-എസ് .എഴുമല 

Thursday, February 7, 2013


മാറാത്ത  വാക്ക് 
മാറുന്നു കാലം , മാറുന്നു മനുഷ്യനും 
മാറുന്നു മനുഷ്യന്‍ പറഞ്ഞ വാക്കും 
മനുഷ്യന്‍റെ വാക്കില്‍ കുടുങ്ങുന്നതോ 
മനുഷ്യനാരെന്ന റിയാത്ത ഭോഷന്‍!
'കടന്നു പോമാകാശ ഭൂമിയുമെങ്കിലും 
കടന്നു പോകില്ലെന്‍ വചന മൊരിക്കലും'
കര്‍ത്താവിന്‍റെയീ വാക്കില്‍ മാത്രം 
കഴിക്ക നിന്‍ ജീവിതമെന്‍റെ സഹോദരാ!
-എസ്. എഴുമല 

Sunday, February 3, 2013

എന്തിനു കരയണം?
കരയുവാന്‍ കാരണമനേകമുണ്ടെങ്കിലും 
കരയില്ല ഞാനെന്നുറക്കെപ്പറയട്ടെ?
കരച്ചിലിന്‍ കാരണപ്പരിഹാരമായല്ലൊ 
കുരിശിലെന്‍ നാഥന്‍ മരണം വരിച്ചത്!
കരച്ചിലിന്‍ മൂലമാം പാപത്തിന്‍ മുള്‍മുന 
കുരിശില്‍ തറച്ചു ചതച്ചെന്‍റെ നാഥന്‍ !
കരച്ചിലിന്‍ കാരണമെത്രയുണ്ടെങ്കിലും 
കരയില്ല ഞാനെന്നുറക്കെപ്പറയട്ടെ ?
-എസ് .എഴുമല 

Saturday, February 2, 2013

കടലിന്‍ തിരകളെ തഴുകി വരുന്നൊരാ 
കുളിരിളം തെന്നല്‍ തഴുകുന്നപോലെ 
കുളിര്‍ വചനങ്ങളാലെന്‍ മനസിന്‍റെ 
കനല്‍ച്ചൂടകറ്റും ക്രിസ്തുവാം യേശുവേ,
കൂപ്പുന്നെന്‍ ഹൃദയക്കരങ്ങള്‍ നിന്‍ 
കനിവുള്ള സാന്നിധ്യത്തിരുമുമ്പിലിപ്പോള്‍! 
-എസ് .എഴുമല 

Friday, February 1, 2013

"ജീവിക്കുകയെന്നാലെനിക്കു ക്രിസ്തുവത്രേ 
മരിക്കുകിലോയെനിക്കു ലാഭവും താന്‍ "
വിശുദ്ധ പൗലോസിന്‍റെയീ വാക്യമെന്നില്‍ 
ക്രിസ്തുവെക്കൊണ്ടു നിറയ്ക്കുന്നു മേന്മേല്‍ .
പിറക്കുമേവര്‍ക്കും സത്യപ്രകാശമായ് 
ജനിക്കുവോര്‍ക്കെല്ലാം  ദൈവികജീവനായ് 
എനിക്കെന്‍ ജീവിതത്തിന്‍  സര്‍വസ്വമായ് 
വസിക്കുന്ന യേശുക്രിസ്തുവേ തൊഴുന്നേന്‍ !
-എസ് .എഴുമല