Monday, March 18, 2013

NEW POPE


New Pope
March 2013

New Pope


Pope Francis is the new Pope
In name and person he is new!
But the church is never new
Pope can never make it new
Tradition - not the Bible rules
Roman not Christian it is.
Christian is Christ centered
Roman is the other centered
  -   Silvester

Monday, March 11, 2013

വെള്ളത്തിനില്ല നിറവും മണവും
രൂപവും രുചിഭേദങ്ങളൊന്നുമേ.
ഇതുപോലല്ലൊ സത്യവും സ്നേഹിതാ
കലര്‍പ്പുകള്‍ മനുഷ്യന്‍റെ ചെയ്തിയത്രേ!
ക്രിസ്തുവാം സത്യത്തെ മാറ്റി മാറ്റി 
ക്രിസ്തുവിന്നൊരു  മനുഷ്യപ്പള്ളിയായി!
പള്ളിക്കു രൂപഭാവങ്ങളെത്രയെത്ര?
സകലവും മനുഷ്യന്‍റെ ചെയ്തിയല്ലോ!
-എസ് .എഴുമല 

Friday, March 8, 2013

ബ്രഹ്മചര്യം

അവിവാഹിതത്വമല്ല ബ്രഹ്മചര്യം 
അതൊരു വേറിട്ട വേഷം ധരിക്കലല്ല 
സ്വയമുളവാക്കും വിരക്തിയല്ല 
സ്വയം ബ്രഹ്മത്തില്‍ ചരിക്കലത്രേ.
ബ്രഹ്മത്തിലായാല്‍ വിരക്തിയുണ്ടാം 
ഇന്ദ്രിയാതീതനല്ലൊ ബ്രഹ്മചാരി .
-എസ് .എഴുമല 

യുക്തിവാദി


പ്രേമകാമങ്ങള്‍ക്കില്ല യുക്തി 
ഹോര്‍മോണ്‍ യുക്തിവാദിയല്ല!
യുക്തിവാദിയാം മനുഷ്യനും 
യുക്തിയില്ലാപ്രേമത്തില്‍ വീണിടുന്നു!
യുക്തി വേണം മനുഷ്യനെന്നാല്‍ 
യുക്തി സര്‍വജ്ഞനാം ദൈവമല്ല .
-എസ്‌ .എഴുമല 

Wednesday, March 6, 2013

കാമവും സ്നേഹവും


   
വിവേകരഹിതം കാമം 
വികാരഭരിതം കാമം 
സ്വാര്‍ത്ഥജടിലം കാമം 
സമാധാന നാശകം കാമം.
കാമം കത്തിജ്ജ്വലിക്കുന്നു 
കാമം കത്തിക്കരിക്കുന്നു.
കാമത്തിനില്ല കാഴ്ച്ചയൊട്ടും 
കാമമൊരു മദയാനതന്നെ! 
+        +      +       +
സ്നേഹമോ ദിവ്യമാം വികാരം 
സ്‌നേഹം സുബോധ പ്രകാശം! 
സ്നേഹം വിവേകപൂരിതം  
സ്നേഹം ത്യാഗ പ്രചോദകം.
സ്നേഹത്തിന്നസൂയയില്ല  
സ്വാര്‍ഥത സ്നേഹത്തിനില്ല   
സ്നേഹം  കലഹിക്കയില്ല 
സ്നേഹമെല്ലാം സഹിക്കുന്നു 
സ്നേഹമെല്ലാം പൊറുക്കുന്നു. 
സ്നേഹം സന്തോഷദായകം .
ഇതത്രേ യേശുവിന്‍ സ്നേഹം 
യേശു കല്‍പ്പിച്ച സ്നേഹം .
യേശുവിന്‍ ശിഷ്യരാകാന്‍ 
സ്നേഹിക്ക പരസ്പരം നമ്മള്‍ !

-എസ് .എഴുമല 

 

Tuesday, March 5, 2013

ഞാനെന്ന ഭാവമടയ്ക്കുന്നു വാതില്‍ 
ഞാനെന്നെ സ്വയം തുറുങ്കിലാക്കിടുന്നു!
ഞാനെന്ന ഭാവം വെടിയുന്ന നേരം 
ഞാനിറങ്ങും സ്വതന്ത്രനായ് പുറത്ത്!
അത്യുന്നത ദൈവമതിതാഴ്മയോടെ 
അവനിയിലവതീര്‍ണ്ണനായതോര്‍ക്ക !
അത്യുന്നത സ്ഥാനം  മറച്ചുവച്ച് 
അവിടുന്നൊരു പാവം മനുഷ്യനായി! 
അതിനീചമാമവഹേളനം സഹിച്ച് 
അതിനിന്ദ്യമാം ക്രൂശുമരണം വരിച്ചു.
അതോര്‍ത്തു ധ്യാനിച്ചു ധ്യാനിച്ചു ഞാന്‍ 
അഹങ്കാരമെല്ലാമകറ്റിടേണം.
-എസ്.എഴുമല 

Sunday, March 3, 2013

മരണത്തിന്‍ കാലൊച്ച കേള്‍ക്കാതെ മാനവര്‍ 
മായയില്‍ മുങ്ങി കാലം കഴിക്കുന്നു !
മരണത്തിനപ്പുറമുള്ളൊരു ജീവിതം 
മരിക്കുംമുമ്പു നാമറിഞ്ഞു ജീവിക്കണം -
മരണംവരിച്ചുയിര്‍ത്തെഴുന്നേറ്റതാം 
മരണാധിപന്‍ യേശു കല്പിച്ചപോലെ .
മരണത്തിന്നാവില്ല ജയിച്ചിടാന്‍ നമ്മെ 
മരണമാം യോര്‍ദ്ദാന്‍ കടന്നു നാം പോയിടും,
മഹത്വത്തിന്‍ ദേശമവകാശമാക്കി നാം 
മഹിമയോടാനന്ദ ജീവിതം നയിച്ചിടും.
-എസ് .എഴുമല 

Wednesday, February 27, 2013

പ്രാര്‍ത്ഥനയെന്നാല്‍ ചൊല്ലലല്ല 
പ്രാര്‍ത്ഥനയെന്നാലനുഷ്ഠാനമല്ല  
പ്രാര്‍ത്ഥനയെന്നാല്‍ ഹൃദയപ്പകര്‍ച്ചയത്രേ,
പ്രാര്‍ത്ഥന ദൈവത്തെ ശ്രവിക്കലത്രേ.

Prayer is not a  recital
Prayer is not a ritual ;
Prayer is the heart expressing 
Prayer is to God listening. 

S.Ezhumala

Tuesday, February 19, 2013


സത്യത്തിനു വേണ്ട യുക്തിവാദങ്ങളൊന്നുമേ 
സത്യത്തിനു വേണ്ട ശബ്ദകോലാഹലങ്ങളും.
സത്യത്തിനു വേണ്ടാ  പിന്‍ബലമൊന്നുമേ 
സത്യം സ്വയം നില്‍ക്കുന്നതിശാന്തമായി!
യുക്തിവാദങ്ങളും ശബ്ദകോലാഹലങ്ങളും 
യുക്തിയില്ലാത്തതാമസത്യലക്ഷണംതാന്‍!

-എസ് .എഴുമല 

Sunday, February 17, 2013

കരയില്‍ മീന്‍ പിടയ്ക്കുന്ന കണ്ടോ?
കരയില്‍ കിടന്നാലതു ചത്തുപോകും.
ദൈവസാന്നിധ്യം വിട്ടകലും മനുഷ്യനും  
ലൗകിക കരയിലായാലതുതാന്‍ വിധി!
ഉള്ളു പിടയുന്നതറിയുന്നില്ലയോ നീ 
അപ്പിടച്ചില്‍ നിന്‍ മരണത്തിലേക്കോ?
ഉണരട്ടെയുടന്‍ നിന്നന്തരംഗം 
ദൈവസാന്നിധ്യമണയട്ടെ വേഗം!
-എസ് .എഴുമല 

Thursday, February 14, 2013

 
 അറിവേറെയുണ്ടെന്നഹങ്കരിക്കും മനുഷ്യാ,
അറിവെവിടെ?  നീയുറങ്ങിടുമ്പോള്‍?
അപാരസമ്പത്തിന്നുടമയാണെങ്കിലും 
അവയെവിടെ ? നീ മയങ്ങിടുമ്പോള്‍?
എവിടെ നിന്‍ ചിന്തയും മോഹസ്വപ്നങ്ങളും? 
എവിടെ നീയും? ബോധം മറയുമ്പോള്‍ ?
ഈലോകസത്യമെന്തെന്നറിഞ്ഞു നീ 
അനന്തമാം സത്യത്തില്‍ നിമഗ്നനാക!
-എസ് . എഴുമല 

Tuesday, February 12, 2013

സൂര്യനെ നോക്കി പഠിക്കട്ടെ പ്രചാരകര്‍ 
സൂര്യനില്ല പ്രചരണായുധങ്ങളൊന്നുമേ.
സൂര്യന്‍ തെളിയുന്നു കിരണങ്ങളയക്കുന്നു 
സൂര്യനാലെല്ലാം പ്രകാശിതമാകുന്നു.
സ്വയം പ്രകാശിക്കും സൂര്യനെപ്പോലെ 
സ്വയം പ്രകാശിക്കാന്‍ പഠിക്കണം നമ്മള്‍! 
സ്വയം പ്രകാശിക്കാനെന്തു ഞാന്‍ ചെയ്യണം?
സത്യപ്രകാശമാം ക്രിസ്തുവിലാകണം !

-എസ് .എഴുമല 

Monday, February 11, 2013


 എവിടെ , എങ്ങനെ?
എവിടെയാണു ഭൂമിയെന്നു ചോദിച്ചതിന്ന് 
എവിടെയാണു നീ അതുതാന്‍ ഭൂമിയെന്ന 
എത്രയും സിംപിളാമുത്തരം കേട്ടപ്പോള്‍ 
എത്ര വിസ്മയിച്ചെന്നോ ഞാനമ്മക്കു മുന്നില്‍!
എവിടെയാണു ദൈവമെന്ന ചോദ്യത്തിന് 
എവിടെയുമവിടുന്നുണ്ടെന്നു മറുപടി!
എങ്ങനെ ഞാനറിയുമവിടുത്തെ യെങ്കില്‍ ?
എന്നോടമ്മ മൊഴിഞ്ഞതു കേള്‍ക്കണോ?
'എന്‍റെ മകനേ,വായിക്കണം സുവിശേഷം 
എത്രയും ശുഷ്ക്കാന്തിയോടെ ധ്യാനിച്ചിടേണം;
എങ്കിലവന്‍ വരും നിന്‍ മന:കണ്ണില്‍ 
എത്രയും ശോഭന സ്നേഹപ്രകാശമായ്!'
-എസ്..എഴുമല  

Sunday, February 10, 2013

ഉള്ളതേ കൊടുക്കാനാവൂ 
സ്നേഹമാവശ്യം സ്നേഹം കൊടുക്കുവാന്‍ 
വെളിച്ചമാവശ്യം വെളിച്ചം പകരുവാന്‍ .
വെറുക്കുവാന്‍ കാരണം വെറുപ്പുതന്നെ 
തന്നിലുള്ളതേ കൊടുക്കുവാനായിടൂ.
ക്ഷമയില്ലാത്തവന്‍ ക്ഷമിക്കുന്നതെങ്ങനെ 
തന്നിലില്ലാത്തതു കൊടുക്കുവാനാകുമോ?
സ്നേഹമാണേശുയെന്നതു കാരണം 
സ്നേഹിക്കുന്നവന്‍ സകല ജനത്തെയും.
വെളിച്ചമാണവനെന്നതു കാരണം 
വെളിച്ചമേകുന്നവന്‍ സകല മനസ്സിനും..
വെറുക്കുവാനവനാകില്ലൊരിക്കലും 
ഇരുട്ടിന്നാകുമോ വെളിച്ചത്തില്‍ വസിച്ചിടാന്‍?

-എസ് .എഴുമല 

Thursday, February 7, 2013


മാറാത്ത  വാക്ക് 
മാറുന്നു കാലം , മാറുന്നു മനുഷ്യനും 
മാറുന്നു മനുഷ്യന്‍ പറഞ്ഞ വാക്കും 
മനുഷ്യന്‍റെ വാക്കില്‍ കുടുങ്ങുന്നതോ 
മനുഷ്യനാരെന്ന റിയാത്ത ഭോഷന്‍!
'കടന്നു പോമാകാശ ഭൂമിയുമെങ്കിലും 
കടന്നു പോകില്ലെന്‍ വചന മൊരിക്കലും'
കര്‍ത്താവിന്‍റെയീ വാക്കില്‍ മാത്രം 
കഴിക്ക നിന്‍ ജീവിതമെന്‍റെ സഹോദരാ!
-എസ്. എഴുമല 

Sunday, February 3, 2013

എന്തിനു കരയണം?
കരയുവാന്‍ കാരണമനേകമുണ്ടെങ്കിലും 
കരയില്ല ഞാനെന്നുറക്കെപ്പറയട്ടെ?
കരച്ചിലിന്‍ കാരണപ്പരിഹാരമായല്ലൊ 
കുരിശിലെന്‍ നാഥന്‍ മരണം വരിച്ചത്!
കരച്ചിലിന്‍ മൂലമാം പാപത്തിന്‍ മുള്‍മുന 
കുരിശില്‍ തറച്ചു ചതച്ചെന്‍റെ നാഥന്‍ !
കരച്ചിലിന്‍ കാരണമെത്രയുണ്ടെങ്കിലും 
കരയില്ല ഞാനെന്നുറക്കെപ്പറയട്ടെ ?
-എസ് .എഴുമല 

Saturday, February 2, 2013

കടലിന്‍ തിരകളെ തഴുകി വരുന്നൊരാ 
കുളിരിളം തെന്നല്‍ തഴുകുന്നപോലെ 
കുളിര്‍ വചനങ്ങളാലെന്‍ മനസിന്‍റെ 
കനല്‍ച്ചൂടകറ്റും ക്രിസ്തുവാം യേശുവേ,
കൂപ്പുന്നെന്‍ ഹൃദയക്കരങ്ങള്‍ നിന്‍ 
കനിവുള്ള സാന്നിധ്യത്തിരുമുമ്പിലിപ്പോള്‍! 
-എസ് .എഴുമല 

Friday, February 1, 2013

"ജീവിക്കുകയെന്നാലെനിക്കു ക്രിസ്തുവത്രേ 
മരിക്കുകിലോയെനിക്കു ലാഭവും താന്‍ "
വിശുദ്ധ പൗലോസിന്‍റെയീ വാക്യമെന്നില്‍ 
ക്രിസ്തുവെക്കൊണ്ടു നിറയ്ക്കുന്നു മേന്മേല്‍ .
പിറക്കുമേവര്‍ക്കും സത്യപ്രകാശമായ് 
ജനിക്കുവോര്‍ക്കെല്ലാം  ദൈവികജീവനായ് 
എനിക്കെന്‍ ജീവിതത്തിന്‍  സര്‍വസ്വമായ് 
വസിക്കുന്ന യേശുക്രിസ്തുവേ തൊഴുന്നേന്‍ !
-എസ് .എഴുമല 

Thursday, January 31, 2013


നന്ത സ്നേഹ സാന്നിധ്യമേ 
അനന്ത സ്വര്‍ഗസായൂജ്യമേ 
അകലാതെയെന്നില്‍ വസിക്കേണമേ 
അകതാരിലാനന്ദ പിയൂഷമായി! 
അകലില്ലൊരിക്കലും ദൈവമേ ഞാന്‍ 
അകലാതെ നിന്നില്‍ ലയിക്കട്ടെ ഞാന്‍ !
-എസ് .എഴുമല 

Tuesday, January 29, 2013

 മനസിന്‍റെ മാനത്തു നീയുയര്‍ത്തുന്ന സൗധങ്ങള്‍ 
     മണ്ണില്‍ പിറക്കാതെയിടിഞ്ഞു തകരുമ്പോള്‍ 
മനം കലങ്ങാതെ തകര്‍ന്നുപോകാതെ നീ 
      മനസിന്‍റെ മുമ്പിലെ യേശുവെ നോക്കണം!
മണ്ണിന്‍റെ നാഥനുമാണവനെങ്കിലും 
      മണ്ണിനെ വിണ്ണാക്കാന്‍ വന്നുപിറന്നവന്‍!
മനസിലവനുളവാക്കും  സ്വപ്‌നങ്ങള്‍ 
       മണ്ണിലടിയാതവന്‍  മാനത്തുയര്‍ത്തിടും. 
-എസ്.എഴുമല 

Monday, January 28, 2013

        മായാത്ത സ്നേഹം 
മായാത്ത സ്നേഹമില്ലല്ലൊ മനുഷ്യരില്‍ 
മായും മറയുമതു മടങ്ങാതെ പോകും.
മായാത്ത മറയാത്ത മാറ്റമില്ലാത്തൊരു 
മധുരസ്നേഹമത് കണ്ടു ഞാന്‍ യേശുവില്‍!
- എസ് .എഴുമല 

Thursday, January 17, 2013

ലൈംഗിക പീഡനം!
ജീവോര്‍ജ്ജമില്ലെങ്കില്‍ ജീവിക്കുന്നതെങ്ങനെ?
ജീവോര്‍ജ്ജത്തിനുണ്ടേറെ പ്രവൃത്തികള്‍ .
ജീവിതം തന്ന ദൈവത്തിന്‍ ശക്തിയാല്‍ 
ജീവോര്‍ജ്ജ പ്രവൃത്തികള്‍ നിയന്ത്രിതമാകണം .
ജീവോര്‍ജ്ജമാം ലൈംഗികോത്തേജനം 
ജീവിവംശം നിലനിര്‍ത്താനുള്ളതത്രേ.
ജീവിത മേഖലകളെത്രയോ കിടക്കുന്നു 
ജീവോര്‍ജ്ജമതിലേക്കു തിരിക്കണം .
ജീവോര്‍ജ്ജമാണു ലൈംഗികമെങ്കിലും 
ജീവിതമതിനല്ലെന്നറിയണം .
ജീവിത്തോടാദരമുണ്ടെങ്കില്‍ നാം 
ജീവോര്‍ജ്ജം പീഡനക്കരുവാക്കില്ല നിശ്ചയം !

- എസ്‌ .എഴുമല 17-1-2013

Monday, January 14, 2013

തരുമോ,ഒരു തൊഴില്‍?

പണിമുടക്കാനെനിക്കൊരു പണിവേണം 
ലീവെടുക്കാനെനിക്കൊരു ജോലിവേണം 
തരുമോ തൊഴില്‍ദായകരേ നിങ്ങള്‍ 
തരുമോ തൊഴിലൊന്നെനിക്കു നിങ്ങള്‍?
കൂട്ടണം ശമ്പളം നിര്‍ലോഭമായി 
കൂട്ടണം പെന്‍ഷനും തൊഴിലൊഴിഞ്ഞാല്‍.
തൊഴിലില്ലാത്തവരോ തുലയട്ടെ പോയി 
തൊഴിലാളിക്കു മാത്രമാണവകാശമെല്ലാം!
തരുമോ തൊഴില്‍ദായകരേ നിങ്ങള്‍ 
തരുമോ തൊഴിലൊന്നെനിക്കു നിങ്ങള്‍?
-എസ് .എഴുമല 15-1-2013

Friday, January 11, 2013

  പരസ്യക്കുറുക്കന്‍മാര്‍ 
ലോകമൊട്ടുക്കൊരു ഗ്ലോബല്‍ കലാലയം 
ലക്ചറന്‍മാരായ് പരസ്യശില്‍പ്പികള്‍ 
ലോകത്തെ  കൌശലപൂര്‍വ്വം ചതിക്കുവാന്‍ 
ലവലേശം മടിക്കാത്ത പരസ്യക്കുറുക്കന്‍മാര്‍ 
ലവല്‍ തെറ്റിയ മനസാക്ഷികൊണ്ട് 
ലോകത്തിന്‍ ചോരയൂറ്റിക്കുടിക്കുന്നവര്‍ !
ലഭിക്കണം പണമതൊന്നുമാത്രമീ 
ലോക മാര്‍ക്കറ്റിങ്ങിന്‍റെ തത്വശാസ്ത്രം!
ലോകത്തില്‍ സത്യവെളിച്ചം പരത്തുവാന്‍ 
ലോകത്തെ ചൂഷണ മുക്തമാക്കാന്‍ 
ലോകമോഹത്താല്‍ നയിക്കപ്പെടാതതവര്‍ 
ലോകത്തെ രക്ഷിക്കുവാന്‍  മുന്നിട്ടിറങ്ങണം! 
- എസ് .എഴുമല 

Tuesday, January 8, 2013

ആസക്തി 
ആസക്തിയേറിയാല്‍ തെറ്റിടും നില 
ആളെത്ര മാന്യനാകിലും തഥാ !
ആസക്തി കത്തിജ്ജ്വലിപ്പിക്കും വികാരത്തെ 
ആസക്തിയാല്‍ ജീവന്‍ തകിടം മറിഞ്ഞിടും .
ആസക്തിയൊരു ചങ്ങലയാണോര്‍ക്കണം 
ആത്മാവിനെ കെട്ടി വരിയുന്ന ചങ്ങല !
ആസക്തിയില്ലാത്ത ജീവിതമൊന്നു താന്‍ 
ആത്മശാന്തിക്കേറ്റവുമനിവാര്യം.
ആസക്തിയില്ലാതിരിക്കണമെങ്കിലോ 
ആത്മനാഥനാം ദൈവത്തില്‍ രമിക്കണം.
ആര്‍ത്തി യും കാമവും കോപവുമൊക്കെയും 
ആറിത്ത ണു ത്തിടും സത്യാവ ബോധ ത്താല്‍ 
ആത്മസ്വാതന്ത്ര്യം കൈവരാന്‍ സോദരാ 
ആത്മധ്യാനമതു ചെയ്യുക നിത്യവും !
-എസ് .എഴുമല 

Sunday, January 6, 2013

 മാധ്യമങ്ങളോട് 

പീഡനമെന്നൊരു വാര്‍ത്തകൊണ്ടു 
പത്രവും ചാനലും നിറയുന്ന കാലം !
പീഡന വാര്‍ത്തകള്‍ വായിച്ചു വായിച്ച് 
പീഡകരേറെ പെരുകുന്ന കാലം !
മാധ്യമങ്ങളേ  മാറ്റുക നിങ്ങളീ 
മാരകദോഷം വരുത്തുന്ന വാര്‍ത്തകള്‍ 
മനസിനെ  മാലിന്യംകൊണ്ടു  നിറയ്ക്കുന്ന 
മാലിന്യ വാഹകരാകല്ലേ നിങ്ങള്‍ !
-  എസ് . എഴുമല