Sunday, February 10, 2013

ഉള്ളതേ കൊടുക്കാനാവൂ 
സ്നേഹമാവശ്യം സ്നേഹം കൊടുക്കുവാന്‍ 
വെളിച്ചമാവശ്യം വെളിച്ചം പകരുവാന്‍ .
വെറുക്കുവാന്‍ കാരണം വെറുപ്പുതന്നെ 
തന്നിലുള്ളതേ കൊടുക്കുവാനായിടൂ.
ക്ഷമയില്ലാത്തവന്‍ ക്ഷമിക്കുന്നതെങ്ങനെ 
തന്നിലില്ലാത്തതു കൊടുക്കുവാനാകുമോ?
സ്നേഹമാണേശുയെന്നതു കാരണം 
സ്നേഹിക്കുന്നവന്‍ സകല ജനത്തെയും.
വെളിച്ചമാണവനെന്നതു കാരണം 
വെളിച്ചമേകുന്നവന്‍ സകല മനസ്സിനും..
വെറുക്കുവാനവനാകില്ലൊരിക്കലും 
ഇരുട്ടിന്നാകുമോ വെളിച്ചത്തില്‍ വസിച്ചിടാന്‍?

-എസ് .എഴുമല 

Thursday, February 7, 2013


മാറാത്ത  വാക്ക് 
മാറുന്നു കാലം , മാറുന്നു മനുഷ്യനും 
മാറുന്നു മനുഷ്യന്‍ പറഞ്ഞ വാക്കും 
മനുഷ്യന്‍റെ വാക്കില്‍ കുടുങ്ങുന്നതോ 
മനുഷ്യനാരെന്ന റിയാത്ത ഭോഷന്‍!
'കടന്നു പോമാകാശ ഭൂമിയുമെങ്കിലും 
കടന്നു പോകില്ലെന്‍ വചന മൊരിക്കലും'
കര്‍ത്താവിന്‍റെയീ വാക്കില്‍ മാത്രം 
കഴിക്ക നിന്‍ ജീവിതമെന്‍റെ സഹോദരാ!
-എസ്. എഴുമല 

Sunday, February 3, 2013

എന്തിനു കരയണം?
കരയുവാന്‍ കാരണമനേകമുണ്ടെങ്കിലും 
കരയില്ല ഞാനെന്നുറക്കെപ്പറയട്ടെ?
കരച്ചിലിന്‍ കാരണപ്പരിഹാരമായല്ലൊ 
കുരിശിലെന്‍ നാഥന്‍ മരണം വരിച്ചത്!
കരച്ചിലിന്‍ മൂലമാം പാപത്തിന്‍ മുള്‍മുന 
കുരിശില്‍ തറച്ചു ചതച്ചെന്‍റെ നാഥന്‍ !
കരച്ചിലിന്‍ കാരണമെത്രയുണ്ടെങ്കിലും 
കരയില്ല ഞാനെന്നുറക്കെപ്പറയട്ടെ ?
-എസ് .എഴുമല 

Saturday, February 2, 2013

കടലിന്‍ തിരകളെ തഴുകി വരുന്നൊരാ 
കുളിരിളം തെന്നല്‍ തഴുകുന്നപോലെ 
കുളിര്‍ വചനങ്ങളാലെന്‍ മനസിന്‍റെ 
കനല്‍ച്ചൂടകറ്റും ക്രിസ്തുവാം യേശുവേ,
കൂപ്പുന്നെന്‍ ഹൃദയക്കരങ്ങള്‍ നിന്‍ 
കനിവുള്ള സാന്നിധ്യത്തിരുമുമ്പിലിപ്പോള്‍! 
-എസ് .എഴുമല 

Friday, February 1, 2013

"ജീവിക്കുകയെന്നാലെനിക്കു ക്രിസ്തുവത്രേ 
മരിക്കുകിലോയെനിക്കു ലാഭവും താന്‍ "
വിശുദ്ധ പൗലോസിന്‍റെയീ വാക്യമെന്നില്‍ 
ക്രിസ്തുവെക്കൊണ്ടു നിറയ്ക്കുന്നു മേന്മേല്‍ .
പിറക്കുമേവര്‍ക്കും സത്യപ്രകാശമായ് 
ജനിക്കുവോര്‍ക്കെല്ലാം  ദൈവികജീവനായ് 
എനിക്കെന്‍ ജീവിതത്തിന്‍  സര്‍വസ്വമായ് 
വസിക്കുന്ന യേശുക്രിസ്തുവേ തൊഴുന്നേന്‍ !
-എസ് .എഴുമല