Wednesday, February 27, 2013

പ്രാര്‍ത്ഥനയെന്നാല്‍ ചൊല്ലലല്ല 
പ്രാര്‍ത്ഥനയെന്നാലനുഷ്ഠാനമല്ല  
പ്രാര്‍ത്ഥനയെന്നാല്‍ ഹൃദയപ്പകര്‍ച്ചയത്രേ,
പ്രാര്‍ത്ഥന ദൈവത്തെ ശ്രവിക്കലത്രേ.

Prayer is not a  recital
Prayer is not a ritual ;
Prayer is the heart expressing 
Prayer is to God listening. 

S.Ezhumala

Tuesday, February 19, 2013


സത്യത്തിനു വേണ്ട യുക്തിവാദങ്ങളൊന്നുമേ 
സത്യത്തിനു വേണ്ട ശബ്ദകോലാഹലങ്ങളും.
സത്യത്തിനു വേണ്ടാ  പിന്‍ബലമൊന്നുമേ 
സത്യം സ്വയം നില്‍ക്കുന്നതിശാന്തമായി!
യുക്തിവാദങ്ങളും ശബ്ദകോലാഹലങ്ങളും 
യുക്തിയില്ലാത്തതാമസത്യലക്ഷണംതാന്‍!

-എസ് .എഴുമല 

Sunday, February 17, 2013

കരയില്‍ മീന്‍ പിടയ്ക്കുന്ന കണ്ടോ?
കരയില്‍ കിടന്നാലതു ചത്തുപോകും.
ദൈവസാന്നിധ്യം വിട്ടകലും മനുഷ്യനും  
ലൗകിക കരയിലായാലതുതാന്‍ വിധി!
ഉള്ളു പിടയുന്നതറിയുന്നില്ലയോ നീ 
അപ്പിടച്ചില്‍ നിന്‍ മരണത്തിലേക്കോ?
ഉണരട്ടെയുടന്‍ നിന്നന്തരംഗം 
ദൈവസാന്നിധ്യമണയട്ടെ വേഗം!
-എസ് .എഴുമല 

Thursday, February 14, 2013

 
 അറിവേറെയുണ്ടെന്നഹങ്കരിക്കും മനുഷ്യാ,
അറിവെവിടെ?  നീയുറങ്ങിടുമ്പോള്‍?
അപാരസമ്പത്തിന്നുടമയാണെങ്കിലും 
അവയെവിടെ ? നീ മയങ്ങിടുമ്പോള്‍?
എവിടെ നിന്‍ ചിന്തയും മോഹസ്വപ്നങ്ങളും? 
എവിടെ നീയും? ബോധം മറയുമ്പോള്‍ ?
ഈലോകസത്യമെന്തെന്നറിഞ്ഞു നീ 
അനന്തമാം സത്യത്തില്‍ നിമഗ്നനാക!
-എസ് . എഴുമല 

Tuesday, February 12, 2013

സൂര്യനെ നോക്കി പഠിക്കട്ടെ പ്രചാരകര്‍ 
സൂര്യനില്ല പ്രചരണായുധങ്ങളൊന്നുമേ.
സൂര്യന്‍ തെളിയുന്നു കിരണങ്ങളയക്കുന്നു 
സൂര്യനാലെല്ലാം പ്രകാശിതമാകുന്നു.
സ്വയം പ്രകാശിക്കും സൂര്യനെപ്പോലെ 
സ്വയം പ്രകാശിക്കാന്‍ പഠിക്കണം നമ്മള്‍! 
സ്വയം പ്രകാശിക്കാനെന്തു ഞാന്‍ ചെയ്യണം?
സത്യപ്രകാശമാം ക്രിസ്തുവിലാകണം !

-എസ് .എഴുമല